പാല്‍ക്കുളംമേട്

             സമുദ്രനിരപ്പില്‍ നിന്ന് 3200 ഓളം അടി ഉയരത്തില്‍ നിലകൊള്ളുന്ന പാല്‍കുളമേട്ഇടുക്കി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. മൂവാറ്റുപുഴയില്‍ നിന്ന് 60 കിലോമീറ്ററാണ് ദൂരം. വണ്ണപ്പുറംചേലച്ചുവട് കൂടിയുള്ള കട്ടപ്പന വഴിയില്‍, ചുരളി കവലയിലെ പാലത്തിന് വലതു വശത്തുള്ള വഴിയിലൂടെ ആല്‍പ്പാറയിൽകൂടി പാല്‍കുളമേടിലേയ്ക്ക് എത്താം. ചുരളിയില്‍ നിന്നും ആല്‍പ്പാറ കൂടി രണ്ട് കിലോമീറ്റര്‍ കഴിഞ്ഞ് വഴി രണ്ടായി തിരിയും. ഒന്ന് നേരെ പാല്‍കുളമേട് വെള്ളച്ചാട്ടത്തിന് താഴേയ്ക്കുള്ളതും വലതുവശം മുകളിലേയ്ക്കുള്ള വഴി പാല്‍ക്കുളമേട് വെള്ളച്ചാട്ടതിന് മുകള്‍ ഭാഗത്തേയ്ക്കും. കഷ്ടി ഒരു ജീപ്പ് പോകാന്‍ കഴിയുന്ന കല്ലും മണ്ണും നിറഞ്ഞ വഴി. ഒരു വശത്ത് അഗാധമായ കൊക്കയും. ഈ മൂന്ന് കിലോമീറ്റര്‍ വഴിയില്‍ 21 ഹെയര്‍ പിന്‍ വളവുകള്‍ ഉണ്ട്. വഴിക്ക് വീതി കുറവായതു കൊണ്ട് ഒരോ വളവുകളിലും ജീപ്പ് പല പ്രാവശ്യം പിന്നിലേക്കെടുത്താണ് കയറിയത്. വഴിയിൽ ആനകൾ ഉണ്ടാകാറുണ്ടെന്നു പറഞ്ഞു കേട്ടിരുന്നു. ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ ഒന്നിനെയും കാണാൻ കഴിഞ്ഞില്ല. മുകളിലെത്തിയപ്പോള്‍ കണ്ടത് അവര്‍ണനീയമായ കാഴ്ചയാണ്. പുല്‍മേടുകളാല്‍ ചുറ്റപ്പെട്ട മലനിരകള്‍. മല മടക്കുകളില്‍ പേരറിയാത്ത പലവിധ സസ്യലതാതികള്‍ നിറഞ്ഞ ചോലവനങ്ങള്‍. പിന്നെ 24 മണിക്കൂറും വീശിയടിക്കുന്ന തണുത്ത കാറ്റും. ഇവിടെ നിന്നാല്‍ ചെറുത്തോണി ഡാം വളരെ വ്യക്തമായി കാണാം. കൂടെ മറ്റു മലനിരകളും

Palkkulammedu