ഭൂമിശാസ്ത്രം
1976-ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 227.51 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 20% വനമേഖലയാണ്. 27955 വരുന്ന ജനസംഖ്യയില്‍ 14304 പേര്‍ പുരുഷന്‍മാരും 13651 പേര്‍ സ്ത്രീകളുമാണ്. മൊത്തം ജനതയുടെ സാക്ഷരത 93% ആണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന പ്രദേശമാണ് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത്. സമുദ്രനിരപ്പില്‍ നിന്ന് 2250 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തില്‍ പ്രധാനമായും മലനിരകളും ചരിവുപ്രദേശങ്ങളുമാണുള്ളത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ കറുപ്പുകലര്‍ന്ന വനമണ്ണാണ് വ്യാപകമായി കാണുന്നത്. അമ്ളസ്വഭാവമുള്ള മണ്ണാണ് അധികവും. പഞ്ചായത്തിലെ പ്രധാനകൃഷി കുരുമുളകും റബ്ബറുമാണ്. കാപ്പി, ഏലം, തെങ്ങ്, കൊക്കോ മുതലായവയും കൃഷി ചെയ്തു വരുന്നു. ഭക്ഷ്യവിളകളെ അപേക്ഷിച്ച് നാണ്യവിളകളാണ് കൂടുതലും കൃഷി ചെയ്യുന്നത്. പഞ്ചായത്ത് അതിര്‍ത്തിയിലൂടെ പെരിയാര്‍ ഒഴുകുന്നു. നാലുപ്രധാനതോടുകളും കൈതോടുകളും 112 കുളങ്ങളുമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. പാല്‍കുളം മേട്, മൂക്കനാല്‍ പാറമേട്, നഗരംമുടി, അടപ്പന്‍മുടി, കുരിശുമല എന്നിവയാണ് പഞ്ചായത്തിലെ കുന്നിന്‍പ്രദേശങ്ങള്‍. പഞ്ചായത്തിലെ മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളും നീരുറവകളുമാണ്. 110 പൊതുകിണറുകളാണ് പഞ്ചായത്തില്‍ ഉള്ളത്. 75 പൊതുകുടിവെള്ളടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. 275 തെരുവുവിളക്കുകള്‍ പഞ്ചായത്ത് വീഥികളില്‍ സ്ഥാപിച്ചിട്ടുള്ളത് രാത്രികാലയാത്രസുഗമമാക്കുന്നു. പാല്‍ക്കുളം മേട്, ലോവര്‍ പെരിയാര്‍, കുരിശുമല തുടങ്ങിയവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളാണ്. വനമേഖലകളോട് ചേര്‍ന്ന് കിടക്കുന്ന പാല്‍ക്കുളം മേടിന്റെ ഉപരിഭാഗത്ത് ദ്വീപുകള്‍ പോലെ ചെറിയ ചെറിയ വനങ്ങളുണ്ട്. ഹരിത ടൂറിസത്തിന് ഏറ്റവും യോജിച്ച പ്രദേശമാണ് പാല്‍ക്കുളം മേട്. ലോവര്‍ പെരിയാര്‍ വൈദ്യുതനിലയവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച ഭൂഗര്‍ഭ തുരങ്കം ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ തുരങ്കമാണ്. കഞ്ഞിക്കുഴി പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം നെടുമ്പാശ്ശേരിയാണ്. ആലുവ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍. കഞ്ഞിക്കുഴി, പഴയശിക്കണ്ടം, ചേലച്ചുവട് ബസ് സ്റ്റാന്റുകളാണ് ബസ് ഗതാഗതത്തിന്റെ കേന്ദ്രങ്ങള്‍. ആലപ്പുഴ-മധുര സംസ്ഥാനപാത പഞ്ചായത്തിലൂടെ കടന്നു പോകുന്നു. ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുതബോര്‍ഡ് നിര്‍മ്മിച്ച നേരിയമംഗലം ഇടുക്കി റോഡ് പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെ കടന്നു പോകുന്നു. ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വ്യവസായരംഗത്ത് വളരെ പിന്നിലാണ്. വ്യവസായരംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞില്ല. ചേലച്ചുവടില്‍ ഇന്‍ഡ്യന്‍ ഓയിലിന്റെ ഒരു പെട്രോള്‍ ബങ്ക് പ്രവര്‍ത്തിക്കുന്നു. പൊതുവിതരണ മേഖലയില്‍ 10 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. മൂന്നു നീതി സ്റ്റോറുകളും ഒരു മാവേലി സ്റ്റോറും പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്. കഞ്ഞിക്കുഴിയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം. ചേലച്ചുവടും കീരിത്തോടും രണ്ട് ഷോപ്പിംഗ് കോംപ്ലക്സുകള്‍ പഞ്ചായത്തില്‍ ഉണ്ട്. കഞ്ഞിക്കുഴിയും കീരിത്തോടുമാണ് പ്രധാന മാര്‍ക്കറ്റുകള്‍ ഉള്ളത്. പഴയരിക്കണ്ടത്ത് ആണ് പഞ്ചായത്തിലെ ചന്ത സ്ഥിതി ചെയ്യുന്നത്. കുടിയേറ്റഗ്രാമമായ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ സമ്മിശ്രസംസ്കാരമാണ് നിലനില്‍ക്കുന്നത്. ഹിന്ദുക്രിസ്ത്യന്‍ മുസ്ലീം വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് കഞ്ഞിക്കുഴി. ഇവരുടെ നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. അഞ്ച് ക്ഷേത്രങ്ങളും, 8 ക്രിസ്ത്യന്‍ പള്ളികളും, മൂന്ന് മുസ്ലീം പള്ളികളും, പഞ്ചായത്തിലെ പലയിടങ്ങളിലായി നിലകൊള്ളുന്നു. തട്ടേക്കണ്ണി ധര്‍മ്മശാസ്താക്ഷേത്രം, കീരിത്തോട് ശിവക്ഷേത്രം, കഞ്ഞിക്കുഴി സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവ ആരാധനാലയങ്ങള്‍. വെണ്‍മണി സെന്റ് ജോര്‍ജ് പള്ളി, പഴയരി സെന്റ് സെബാസ്റ്റ്യന്‍ പള്ളി, കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളി എന്നിവ പ്രധാന ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ പെടുന്നു. കഞ്ഞിക്കുഴി കീരിത്തോട്, ചേലച്ചുവട് എന്നിവിടങ്ങളിലാണ് 3 മുസ്ലീം പള്ളികളും സ്ഥിതി ചെയ്യുന്നത്. കീരിത്തോട് ശിവരാത്രി ഉത്സവം, സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയം, പള്ളിപെരുന്നാള്‍ സെന്റ് മേരീസ് പള്ളിയിലെ എട്ടാമിടം എന്നിവ പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളാണ് കേരളത്തിന്റെ യുവ അത്ലറ്റ് ബിനീഷ് കെ.ഷാജി പള്ളിവാസല്‍ പഞ്ചായത്തിന്റെ സന്തതിയാണ്. പഞ്ചായത്തിലെ സാംസ്കാരിക രംഗത്തെ സ്ഥാപനമാണ് കഞ്ഞിക്കുഴി സാംസ്കാരികനിലയം. ആരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത് തള്ളക്കാനത്താണ്. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ കീരിത്തോട്, ചുരുളി, വെണ്‍മണി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ചേലച്ചുവടില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയും ചുരുളിപ്പനില്‍ ഒരു ഹോമിയോ ആശുപത്രിയും പ്രവര്‍ത്തിക്കുന്നു. കൂടാതെ പടയരിക്കണ്ടം, വെണ്‍മണി, വരിക്കമുത്തന്‍ എന്നിവിടങ്ങളില്‍ ഓരോ ആയുര്‍വേദ ആശുപത്രികളും ഉണ്ട്. പൈനാവിലുള്ള ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സ് സേവനമാണ് പ്രധാനമായും പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. മൃഗചികില്‍സാരംഗത്ത് കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നു. 1973-ലാണ് പഞ്ചായത്തില്‍ സര്‍ക്കാരിന്റെ കീഴിലുളള പ്രൈമറി സ്കൂളുകള്‍ ആരംഭിച്ചത്. ഇന്ന് പഞ്ചായത്തില്‍ നിരവധി സ്കൂളുകള്‍ വിദ്യാഭ്യാസരംഗത്തുണ്ട്. ഒരു വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളും ഒരു ഹയര്‍സെക്കന്ററി സ്കൂളും 3 ഹൈസ്കൂളുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. എസ്.എന്‍.എച്ച്.എസ് നങ്കിസിറ്റി, സെന്റ് തോമസ് എച്ച്.എസ് പുന്നയാര്‍, ഗവ.യു.പി.സ്കൂള്‍ പഴയരിക്കണ്ടം, ഗവ.എല്‍.പി.എസ് കഞ്ഞുക്കുഴി എന്നിവയാണ് പ്രധാന വിദ്യാലയങ്ങള്‍. യൂണിയന്‍ ബാങ്കിന്റെ ഒരു ശാഖ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ സര്‍വ്വീസ് സഹകരണബാങ്കിന്റെ ശാഖ, വെണ്‍മണി സഹകരണ ബാങ്ക്, പഴയരിക്കണ്ടം സഹകരണ ബാങ്ക് എന്നിവയാണ് പഞ്ചായത്തിലെ സഹകരണമേഖലയിലെ പ്രധാന സ്ഥാപനങ്ങള്‍. ഒരു സ്വകാര്യപണമിടപാട് സ്ഥാപനവും കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്നു. കഞ്ഞിക്കുഴിയില്‍ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന വായനശാല, കീരിത്തോട് ലൈബ്രറി, ചേലച്ചുവട് എ.കെ.ജി മെമ്മൊറിയല്‍ പഞ്ചായത്ത് വായനശാല, പുന്നയാര്‍ ലൈബ്രറി എന്നിവ ജനങ്ങളുടെ വായനാശീലത്തിന് പ്രോല്‍സാഹനം നല്‍കുന്ന സ്ഥാപനങ്ങളാണ്. പഞ്ചായത്തിലെ 9 കമ്മ്യൂണിറ്റി ഹാളുകളും, ഒരു കല്യാണമണ്ഡപവും പൊതുപരിപാടികള്‍ക്കും കല്യാണചടങ്ങുകള്‍ക്കുമായി ജനങ്ങള്‍ ഉപയോഗിക്കുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഓഫീസ് കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് കഞ്ഞിക്കുഴിയിലാണ്. കൃഷി ഭവന്‍ ചേലച്ചുവടില്‍ പ്രവര്‍ത്തിക്കുന്നു. ക്രമസമാധാനപാലനത്തിന് ഒരു പോലീസ് സ്റ്റേഷനും കഞ്ഞിക്കുഴി പഞ്ചായത്തിലുണ്ട്. പഞ്ചായത്തില്‍ 6 തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. കഞ്ഞിക്കുഴിയിലും ചേലച്ചുവടുമാണ് ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥിതി ചെയ്യുന്നത്. 305 കുടുംബശ്രീ യൂണിറ്റുകളും 3 അക്ഷയകേന്ദ്രങ്ങളും പഞ്ചായത്തിലുണ്ട്.